ന്യൂഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മേലുള്ള നിയന്ത്രണം കേന്ദ്ര സർക്കാർ ശക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകളാണ് കേന്ദ്രം നൽകിയത്.
കൂടുതൽ നടപടികൾ നേരിട്ടത് ഇൻസ്റ്റാഗ്രാമാണ്. ഇൻസ്റ്റയ്ക്ക് മാത്രം ഒരു ലക്ഷത്തോളം നോട്ടീസുകൾ ലഭിച്ചപ്പോൾ ഫേസ്ബുക്കിന് 80,000-വും യൂട്യൂബിന് 15,000-വും ഓർഡറുകൾ കൈമാറി. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായ സമയത്താണ് നോട്ടീസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത്.
കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹയോഗ്' പോർട്ടലുമായി മെറ്റ നേരിട്ട് ബന്ധിപ്പിച്ചു. ഇതോടെ കമ്പനിയുടെ പ്രത്യേക പരിശോധനകൾ ഇല്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും.
