'മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത വേണം'; ജാഗ്രതാനിർദേശവുമായി കേരള പോലീസ്.


കേരളം: സൈബർ കുറ്റവാളികൾ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി കൈമാറ്റം ചെയ്യാനും മാറിയെടുക്കാനും ഉപയോഗിക്കുന്ന 'മ്യൂൾ അക്കൗണ്ടുകൾക്കെതിരെ' (Mule Accounts) ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ബാങ്ക് ഉടമകളുടെ അറിവോടെയോ അല്ലാതെയോ ആണ് ഇത്തരം അക്കൗണ്ടുകൾ തട്ടിപ്പുകാർ വാടകയ്ക്കെടുക്കുന്നത്. ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പോലീസ് അഭ്യർത്ഥിച്ചു.

പ്രധാന മുന്നറിയിപ്പുകൾ:

 * ഇരകളാകുന്നത് ആര്: വിദ്യാർത്ഥികൾ, വരുമാനം കുറഞ്ഞ സാധാരണക്കാർ, ഓൺ ലൈൻ പാർട്ട് ടൈം ജോലി തിരയുന്നവർ തുടങ്ങിയവരാണ് തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ എളുപ്പത്തിൽ ഇരകളാകുന്നത്.

 * പ്രധാന നിർദ്ദേശം: സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ, പാസ്‌ബുക്ക്, എ.ടി.എം കാർഡ്, വ്യക്തിവിവരങ്ങൾ എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകരുത്.

 * പണമിടപാടുകളിൽ ജാഗ്രത: അജ്ഞാതരുടെയോ മറ്റുള്ളവരുടെയോ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കാനോ, കമ്മീഷൻ വാഗ്ദാനം വിശ്വസിച്ച് മറ്റു അക്കൗണ്ടുകളിലേക്ക് അയച്ചു നൽകാനോ പാടില്ല.

 * നിയമപരമായ ഉത്തരവാദിത്തം: നിങ്ങളുടെ അക്കൗണ്ട് വഴി നടക്കുന്ന ഏതൊരു സാമ്പത്തിക കുറ്റകൃത്യത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്കായിരിക്കും.

ഇത്തരം തട്ടിപ്പുകൾക്കോ വാഗ്ദാനങ്ങൾക്കോ ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.



Previous Post Next Post