ന്യൂഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായിത്തന്നെ ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഡിജിറ്റൽ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പോകുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി പെയ്മെന്റ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചത്.
സാധാരണക്കാരായ ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാർക്കും യുപിഐ സേവനങ്ങൾ സൗജന്യമായിത്തന്നെ തുടരുമെന്ന് സംഘടന അറിയിച്ചു. അതേസമയം, രാജ്യത്ത് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇടപാടുകളുടെ അളവിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംവിധാനം തടസ്സമില്ലാതെയും സുസ്ഥിരമായും നിലനിർത്തുന്നതിന് ആവശ്യമായ സാമ്പത്തിക, സാങ്കേതിക നടപടികളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടന്നുവരികയാണെന്നും പെയ്മെന്റ് കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
