കൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലർ സർവീസ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ലഭിച്ചിരുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനൊപ്പം സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ചാർജുകളും ബാങ്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.
സാധാരണ ഉപഭോക്താക്കൾക്ക് കനറാ ബാങ്ക് എടിഎമ്മുകളിൽ ഇനി മാസം പരമാവധി അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തിക ഇടപാടുകളും അല്ലാത്തവയും ചേർത്ത്) മാത്രമേ സാധ്യമാകൂ. മുൻപ് ഇത് ആറായിരുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് മാസത്തിൽ എട്ട് സൗജന്യ ഇടപാടുകൾ എന്ന ആനുകൂല്യം മാറ്റമില്ലാതെ തുടരും.
സൗജന്യ പരിധി കഴിഞ്ഞുള്ള പുതുക്കിയ നിരക്കുകൾ:
* കനറാ ബാങ്ക് എടിഎമ്മുകളിൽ: പണം പിൻവലിക്കലിന് 23 രൂപയും ജി.എസ്.ടിയും (മുൻപ് 20 രൂപ). ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ സാമ്പത്തികേതര ഇടപാടുകൾക്ക് പഴയ നിരക്കായ 5 രൂപയും ജി.എസ്.ടിയും തുടരും.
* മറ്റ് ബാങ്ക് എടിഎമ്മുകളിൽ: മെട്രോ നഗരങ്ങളിൽ 3 സൗജന്യ ഇടപാടുകളും നോൺ-മെട്രോകളിൽ 5 സൗജന്യ ഇടപാടുകളും ലഭിക്കും. പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജി.എസ്.ടിയും സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജി.എസ്.ടിയും നൽകണം.
അതേസമയം, എടിഎം വഴി പുതിയ ഗ്രീൻ പിൻ ജനറേറ്റ് ചെയ്യുന്നതിനുള്ള ചാർജ് ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സൗജന്യ പരിധി കഴിഞ്ഞുള്ള ഗ്രീൻ പിൻ റീജനറേഷൻ ഫീസ് 23 രൂപയിൽ നിന്ന് 5 രൂപയായും ജി.എസ്.റ്റിയായും കുറച്ചു.
