ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പ്രതിദിന ഗാർഹിക ബില്ലുകൾ ആപ്പിലൂടെ നേരിട്ട് അടയ്ക്കുന്നതിനുള്ള പുതിയ ബിൽ പേയ്മെന്റ് ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കൾക്ക് ഘട്ടം ഘട്ടമായി ഈ ഫീച്ചർ ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളിൽ എല്ലാവരിലേക്കും എത്തിക്കുമെന്നും മെറ്റ വ്യക്തമാക്കി. ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന്റെ (BBPS) ശൃംഖലയിലാണ് വാട്‌സ്ആപ്പ് ബിൽ പേയ്മെന്റ് സേവനം പ്രവർത്തിക്കുന്നത്. ഇതുവഴി 30 വിഭാഗങ്ങളിലായി ഏകദേശം 22,722 ബില്ലർമാരുടെ സേവനങ്ങൾ ലഭ്യമാകും. വൈദ്യുതി, ഗ്യാസ്, കുടിവെള്ളം, ഫാസ്‌ടാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ, വായ്‌പ തിരിച്ചടവുകൾ തുടങ്ങിയവയെല്ലാം ഇനി വാട്‌സ്ആപ്പിലൂടെ അടയ്ക്കാനാകും.
വാട്സ്ആപ്പ് ഹോം സ്ക്രീനിന്റെ മുകളിലുള്ള ₹ ഐക്കണിൽ ടാപ്പ് ചെയ്ത് ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാം. കഴിഞ്ഞതും ഇനി വരാനിരിക്കുന്നതുമായ ബില്ലുകൾ കാണാനും ഒരു ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ മാനേജ് ചെയ്യാനും യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി തുക അടയ്ക്കാനും സാധിക്കും. 2024 ജൂണിലെ 3.7 കോടി ഇടപാടുകളിൽ നിന്ന് 2026 ജൂണിൽ 15 കോടി ഇടപാടുകളിലേക്ക് വാട്സ്ആപ്പ് പേ വളർന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റം.
