സ്മാർട്ട് ഫോൺ ക്യാമറ വഴി മീനുകളുടെ അളവെടുക്കാം; 'മത്സ്യമെട്രി' മൊബൈൽ ആപ്പുമായി സി.എം.എഫ്.ആർ.ഐ


കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന ‘മത്സ്യമെട്രി’ (Matsyametry) മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI). കടൽ മത്സ്യങ്ങളുടെ വിവരശേഖരണവും ശാസ്ത്രീയ സ്റ്റോക്ക് അസസ്മെന്റും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സാങ്കേതികവിദ്യ പുറത്തിറക്കിയത്.

ഫോൺ ക്യാമറ മീനുകൾക്ക് നേരെ പിടിക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന പ്രത്യേക മെഷറിങ് ഗൈഡ് വഴിയാണ് ഇതിൽ നീളവും വീതിയും കണക്കാക്കുന്നത്. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാംപ്ലിങ് സെഷനിൽ തന്നെ രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ഭാവിയിലെ പഠനങ്ങൾക്കായി ആപ്പിൽ സൂക്ഷിക്കാനും കഴിയും.

സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റും ഐ.സി.എ.ആർ നാഷണൽ ഫെലോയുമായ ഡോ. എൽദോ വർഗീസാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. എ.ആർ കോർ (AR Core) പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പ്, ഫീൽഡ് സർവേകളിലെ ഡാറ്റാ ശേഖരണം ഏറെ ലളിതമാക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയുടെ ഭാഗമായാണ് ആപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.



Previous Post Next Post